ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ പഞ്ചായത്തില്‍ അറബിക്കടലിന്‍റെ താരാട്ട് പാട്ട് കേട്ട് കിടക്കുന്ന ഒരു കടലോര ഗ്രാമമാണ് പടിഞ്ഞാറെ മനക്കോടം. നെല്‍വയലുകളും കേരവൃക്ഷങ്ങളും പച്ചപരവതാനി വിരിച്ച കോമളമായൊരു കൊച്ചു ഗ്രാമം. കര്‍ഷകരും കര്‍ഷകതൊഴിലാളികളും മത്സത്തൊഴിലാളികളും എകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞു വരുന്നു. നാടിന്‍റെ ഐശ്വര്യത്തിനും സമൃദ്ധിക്കും കാരണഭൂതരായ ശ്രീ മഹാദേവിയും ഘണ്ഠാകര്‍ണ്ണ സ്വാമിയും വാണരുളുന്ന പുണ്യ സ്ഥാനമാണ് പടിഞ്ഞാറെ മനക്കോടം ശ്രീ മഹാദേവി ഘണ്ഠാകര്‍ണ്ണ ക്ഷേത്രം. അതി പുരാതന കാലം മുതല്‍ ഒരു കുടുംബ ക്ഷേത്രത്തില്‍ വച്ചാരാധിച്ചു പോന്നിരുന്ന ദേവീ ദേവന്മാരെ പുതിയ ക്ഷേത്രം പണി കഴിപ്പിച്ച് രണ്ടു ശ്രീ കോവിലിലായി പ്രതിഷ്ഠിച്ച് ആരാധിച്ചു പോരുന്നു.


ഇഷ്ടവരദായിനിയും ദുരിത നിവാരിണിയുമായ ശ്രീ മഹാദേവിയും ക്ഷിപ്രപ്രസാദിയും ഭക്തപരിപാലകനുമായ ഘണ്ഠാകര്‍ണ്ണ സ്വാമിയും വാണരുളുന്ന ഈ ക്ഷേത്രത്തിന്‍റെ പ്രശസ്തിയും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.